
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നത്തെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ 2021ലെ ഒരു പ്രസംഗഭാഗം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’ എന്നായിരുന്നു അന്ന് അദ്ദേഹം നടത്തിയ പരാമർശം. നിലവിലെ സാഹചര്യവുമായി ബന്ധപ്പെടുത്തി നിരവധി പേരാണ് പ്രസംഗത്തിന്റെ വീഡിയോയും ഭാഗങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പങ്കുവെക്കുന്നത്.
മുൻ ആരോഗ്യമന്ത്രി വീണാ ജോർജും കെ. മുരളീധരന്റെ പഴയ പ്രസംഗത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘‘കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപ്പയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസംഗം ഇന്നു പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ’’ - വീണാ ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും എന്നാണ് 2021ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമർശിച്ച് മുരളീധരൻ പ്രസംഗിച്ചത്. നിപ്പ പോലെ ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു. വവ്വാലാണത്രേ അതു പരത്തുന്നത്. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ. ഇപ്പോൾ വവ്വാൽ രോഗം പരത്താൻ കാരണം ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണ്’’ - ഇതായിരുന്നു മുരളീധരന്റെ പഴയ പ്രസംഗം.
കെ.കരുണാകരന്റെ കാലത്തെ വവ്വാലുകൾക്ക് എന്തു പറ്റി എന്ന തലക്കെട്ടോടെയാണ് സിപിഎം മുഖപത്രം മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രീയബോധമില്ലാതെ അന്നു രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം പ്രസംഗിച്ച ആരോഗ്യമന്ത്രിക്ക് ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നതെന്നും അവർ പറയുന്നു.










